Read more: http://www.technomagzine.com/2013/04/disable-copy-paste-website.html#ixzz2Tn5tPMyx

Sunday, May 29, 2011

Linux - Completes 20 years of being free





പേര് കിട്ടിയത് ലിനസ് ബനഡിക്ട് ടൊര്‍വാള്‍ഡ്‌സ് എന്ന ഫിന്‍ലന്‍ഡുകാരനായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയില്‍ നിന്ന്. സാധ്യമായത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ രൂപം നല്‍കിയ ഗ്നു പ്രോജക്ട് വഴി. സ്വതന്ത്രസോഫ്ട്‌വേര്‍ പ്രസ്ഥാനത്തിന്റെ കൊടിയടയാളം പേറുന്ന ലിനക്‌സിന് 20 വയസ്സ് തികയുകയാണ്. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന മൈക്രോസോഫ്ടിന്റെ വിന്‍ഡോസിനോട് മത്സരിച്ചാണ് ലിനക്‌സ് ഇന്നത്തെ നിലയ്‌ക്കെത്തിയത്. ഏറ്റവും പ്രചാരമുള്ള ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് (ഉബുണ്ടു 11.04) പുറത്തുവന്ന സമയത്തു തന്നെയാണ്, ലിനക്‌സിന് 20 വയസ്സ് തികയുന്നത് എന്നതും ശ്രദ്ധേയമാണ്.

വന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്കും ഇന്ന് ലിനക്‌സിനെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് സത്യം. നിങ്ങളുടെ പിസിയില്‍ വിന്‍ഡോസ് ആയിരിക്കാം, എന്നാല്‍ ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന സെര്‍വറുകളില്‍ മഹാഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് ലിനക്‌സ് അടിസ്ഥാനമാക്കിയാണ്. ഗൂഗിള്‍ ഉപയോഗിക്കുമ്പോഴും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ പ്രയോജനപ്പെടുത്തുമ്പോഴും നിങ്ങള്‍ യഥാര്‍ഥത്തില്‍ ലിനക്‌സിന്റെ ഉപഭോക്താവാകുകയാണ്. ലോകമെങ്ങും വന്‍മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമും സ്വതന്ത്രസോഫ്ട്‌വേറായ ലിനക്‌സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എ.ടി.എം. മെഷീനുകള്‍ പോലെ നിത്യജീവിതത്തില്‍ നമ്മുടെ സഹായത്തിനെത്തുന്ന ഒട്ടേറെ സംവിധാനങ്ങള്‍ ലിനക്‌സ് പ്ലാറ്റ്‌ഫോമിലാണ് നിലനില്‍ക്കുന്നത്.

ഡെസ്‌ക്ടോപ്പുകളില്‍ ഭൂരിപക്ഷവും മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, വിന്‍ഡോസ് ആണ് സര്‍വവ്യാപി എന്ന് മിക്കവരും കരുതുന്നു. യഥാര്‍ഥത്തില്‍ വിന്‍ഡോസ് മാത്രമല്ല, ലിനക്‌സും സര്‍വവ്യാപി തന്നെയാണ്. ലിനക്‌സ് ഓപ്പണ്‍ സോഴ്‌സ് സോഫ്ട്‌വേറായതിനാല്‍ താത്പര്യമുള്ള ആര്‍ക്കും അതില്‍ സംഭാവന ചെയ്യാം. 1991 ല്‍ രംഗത്തെത്തിയത് മുതല്‍ നൂറുകണക്കിന് കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സമയവും ബുദ്ധിയും ലിനക്‌സിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. വിജ്ഞാനം സ്വതന്ത്രമായിരിക്കണം, അത് ആരുടെയെങ്കിലും സ്വകാര്യസ്വത്തായിക്കൂടാ എന്ന മഹത്തായ ആശയത്തിന്റെ ഐടി പരിപ്രേക്ഷ്യമാണ് ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കച്ചവട താത്പര്യങ്ങള്‍ക്കപ്പുറത്ത് മഹത്തായ ഒരു നിപാട് തറയിലാണ് ലിനക്‌സ് അതിന്റെ ചുവടുറപ്പിച്ചിരിക്കുന്നത് എന്നര്‍ഥം.

അല്‍പ്പം ചരിത്രം


സ്വതന്ത്ര സോഫ്ട്‌വേര്‍ എന്ന ആശയത്തിന് പ്രചാരം നല്‍കാനും നടപ്പാക്കാനുമായി എം.ഐ.ടി.ഗവേഷകനായിരുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 'ഗ്നു' പ്രോജക്ടിന് രൂപംനല്‍കുന്നത് . 1983 സപ്തംബര്‍ 27 ന് ആ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം (GNU OS) രൂപപ്പെടുത്തുകയെന്നതായിരുന്നു പദ്ധതിയുടെ അടിയന്തര ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍, ഒഎസിന്റെ പ്രധാന ഭാഗമായ കേര്‍ണല്‍ (kernel) രൂപപ്പെടുത്തുന്നതില്‍ ഗ്നു പദ്ധതിയിലുള്ളവര്‍ക്ക് വിജയം കാണാന്‍ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് 1991 ല്‍ ഹെല്‍സിങ്കി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ലിനസ് ടൊര്‍വാള്‍ഡ്‌സ് തുണയ്‌ക്കെത്തുന്നത്.

മൈക്രോസോഫ്ടിന്റെ ഡോസ് (DOS) ആയിരുന്നു എണ്‍പതുകളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന മുഖ്യ ഒഎസ്. പക്ഷേ, അതിന്റെ സോഴ്‌സ്‌കോഡ് മൈക്രോസോഫ്ട് രഹസ്യമാക്കി വെച്ചു. ആപ്പിളിന്റെ മാക്‌സ് സിസ്റ്റം മെച്ചമായിരുന്നെങ്കിലും ഭീമമായ വിലയായിരുന്നു അതിന്. സാധാരണഗതിയില്‍ മിക്കവര്‍ക്കും താങ്ങാന്‍ പറ്റാത്ത വില. മറ്റൊരു ഒഎസ് യുണിക്‌സ് (Unix) ആയിരുന്നു. പക്ഷേ, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും വലുതായിരുന്നു യുണിക്‌സിന്റെ ചെലവ് (സ്റ്റാള്‍മാന്‍ തന്റെ സ്വതന്ത്രസോഫ്ട്‌വേര്‍ പദ്ധതി ആരംഭിക്കുന്നത് തന്നെ യുണിക്‌സിനെപ്പോലുള്ളവയ്ക്ക് ബദലായാണ്. 'GNU is Not Unix' എന്നതിന്റെ ചുരുക്കപ്പേരാണ് GNU).


അമേരിക്കയില്‍ ജനിച്ച ഡച്ച് പ്രൊഫസര്‍ ആന്‍ഡ്രു എസ്. ടാനെന്‍ബോം സ്വന്തമായി 'മിനിക്‌സ്' (MINIX) എന്നൊരു കേര്‍ണല്‍ എഴുതിയുണ്ടാക്കിയത് ഈ സാഹചര്യത്തിലാണ്. തന്റെ വിദ്യാര്‍ഥികള്‍ക്ക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ രഹസ്യങ്ങളെപ്പറ്റി ധാരണയുണ്ടാക്കാനായിരുന്നു അത്. അതൊരു മികച്ച ഓപ്പറേറ്റിങ് സിസ്റ്റമൊന്നുമായിരുന്നില്ലെങ്കിലും, തുടക്കക്കാര്‍ക്ക് ആ കേര്‍ണല്‍ വലിയ തുണയായി. ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ ടാനെന്‍ബോം രൂപംനല്‍കിയ കേര്‍ണലിലേക്ക് ശ്രദ്ധ തിരിക്കുന്നത് അങ്ങനെയാണ്. അത്തരത്തില്‍ മിനിക്‌സിലേക്ക് ആകര്‍ഷിക്കപ്പെട്ട ഒരു വിദ്യാര്‍ഥിയായിരുന്നു ലിനസ് ടൊര്‍വാള്‍ഡ്‌സ്.


മിനിക്‌സിന്റെ ചുവടുപിടിച്ച് 'ലിനക്‌സ്' എന്ന പേരില്‍ ഒരു കേര്‍ണല്‍ രൂപകല്‍പ്പന ചെയ്യാന്‍ ലിനസ് ടൊര്‍വാള്‍ഡ്‌സിനായി. കമ്പ്യൂട്ടറില്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമുകളെയും (മീഡിയ പ്ലെയര്‍, ഫോട്ടോഷോപ്പ് തുടങ്ങിയവ ഉദാഹരണം) ഹാര്‍ഡ്‌വേറിനെയും പരസ്പരം ബന്ധിപ്പിക്കുന്നത് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മര്‍മപ്രധാനമായ കേര്‍ണല്‍ ആണ്. നാം സോഫ്ട്‌വേറുകള്‍ മുഖേന നല്‍കുന്ന നിര്‍ദേശം മനസിലാക്കാന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറിനെ സഹായിക്കുന്നത് കേര്‍ണലാണ്. 'ഇന്റല്‍ ഐ386' ചിപ്പുകള്‍ക്ക് വേണ്ടിയാണ് ആദ്യ ലിനക്‌സ് തയ്യാറാക്കിയത്. ലിനക്‌സിന്റെ ആദ്യ കേര്‍ണല്‍ പതിപ്പ് 0.01 ആയിരുന്നു. ഏറ്റവും പുതിയ ലിനക്‌സ് കേര്‍ണല്‍ 2.369 ആണ്.

താന്‍ രൂപപ്പെടുത്തിയ കേര്‍ണലിനെ സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്ന ലിനസ് ടൊര്‍വാല്‍ഡ്‌സിന്റെ നിര്‍ണായക തീരുമാനമാണ് ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം രൂപപ്പെടാന്‍ കാരണമായത്.

മിനിക്‌സ് ന്യൂസ് ഗ്രൂപ്പിലേക്ക് 1991 ആഗസ്ത് 25 ന് ലിനസ് ടൊര്‍വാല്‍ഡ്‌സ് ഒരു കത്ത് പോസ്റ്റു ചെയ്തു. 'വെറുമൊരു ഹോബിയായി ഞാനൊരു (സൗജന്യ) ഓപ്പറേറ്റിങ് സിസ്റ്റം ചെയ്യുന്നു....' എന്ന് പറഞ്ഞ് തുടങ്ങിയ ആ കത്തിലാണ് തന്റെ തീരുമാനം ലിനസ് ടൊര്‍വാല്‍ഡ്‌സ് വെളിപ്പെടുത്തിത്. ലിനക്‌സ് 0.01 പതിപ്പ് ആ സപ്തംബര്‍ പകുതിയോടെ പ്രകാശനം ചെയ്തു.

കമ്പ്യൂട്ടര്‍ വിദഗ്ധര്‍ വളരെ ആവേശത്തോടെ ആ സൗജന്യ സോഫ്ട്‌വേര്‍ ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍, 1991 സപ്തംബര്‍ അഞ്ചിന്, ലിനക്‌സ് 0.02 പതിപ്പ് പുറത്തിങ്ങി എന്നറിയുമ്പോല്‍, ആ സംഭവം ഉണര്‍ത്തിയ ആവേശം എത്ര വലുതായിരുന്നു എന്ന് ഊഹിക്കാമല്ലോ.

ലിനക്‌സ് കേര്‍ണലും ഗ്നു പ്രോജക്ടില്‍ രൂപപ്പെടുത്തിയ അനുബന്ധ സോഫ്ട്‌വേറുകളും ചേര്‍ത്ത് ഗ്നു ലിനക്‌സ് (GNU Linux) എന്ന പേരിലാണ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങിയത്. സൗകര്യാര്‍ഥം ഗ്‌നു ഒഴിവാക്കിയതുകൊണ്ടാണ് ലിനക്‌സ് എന്നുമാത്രം അറിയാന്‍ കാരണമായത്. തുടക്കത്തില്‍ ഇന്റല്‍ ഐ386 ചിപ്പുകളില്‍ മാത്രമാണ് ലിനക്‌സ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍, ഇന്ന് മിക്ക കമ്പനികളുടെയും പ്രൊസസ്സറുകളെ ലിനക്‌സ് പിന്തുണയ്ക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍ തുടങ്ങിയവയിലെല്ലാം ലിനക്‌സ് പ്രവര്‍ത്തിപ്പിക്കുന്നു.

ലിനക്‌സിന്റെ സുപ്രധാനമായ കേര്‍ണല്‍ രൂപകല്‍പ്പന ചെയ്ത വ്യക്തിയെന്ന നിലയ്ക്ക് ലിനസ് ടൊര്‍വാള്‍ഡ്‌സാണ് ലിനക്‌സിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നത്. ലിനക്‌സിന്റെ ലോഗോ മിക്കവര്‍ക്കും കണ്ടുപരിചയമുള്ള 'ടക്‌സ്' എന്നു പേരുള്ള കുഞ്ഞുപെന്‍ഗിനാണ്. ലിനക്‌സ് രൂപം കൊണ്ട് അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഈ ചിഹ്നം നിശ്ചയിക്കപ്പെട്ടത്.

സവിശേഷതകള്‍

സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തില്‍ പെടുന്നതിനാല്‍ ലിനക്‌സിന് ആരെങ്കിലും ഉടമസ്ഥരില്ല. ലിനക്‌സ് കേര്‍ണലിന്റെ പുരോഗതിയില്‍ ടൊവാള്‍ഡ്‌സ് ഇപ്പോഴും പങ്കുവഹിക്കുന്നുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ഡെവലപ്പര്‍മാര്‍ അവരുടെതായ സംഭാവനകള്‍ നല്‍കുന്നു. സ്വതന്ത്ര ഒഎസ് ആയതിനാല്‍ തന്നെ ഏതൊരു വ്യക്തിക്കും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതിനെ മാറ്റാനും പുതിയവ കൂട്ടിച്ചേര്‍ക്കാനും കഴിയും. ഓരോ വ്യക്തിയും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലിനക്‌സിനെ വികസിപ്പിക്കുമ്പോള്‍ അത് ലിനക്‌സിനെ വളര്‍ച്ചയിലേക്ക് നയിക്കുന്നു.

ലിനക്‌സിന്റെ മറ്റൊരു പ്രധാന സവിശേതയാണ് ഇതിന്റെ ഫ്ലാക്‌സിബിലിറ്റി. മറ്റുള്ള ഒഎസുകളുടെ കേര്‍ണലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലിനക്‌സ് കേണല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്. ലിനക്‌സ് കേര്‍ണല്‍ പ്രത്യേക വിഭാഗങ്ങള്‍ (Modules) ആക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിനാല്‍ ഒരു ഡവലപ്പര്‍ക്ക് ലിനക്‌സിന്റെ കേര്‍ണലിന്റെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കി തങ്ങളുടെ ആവശ്യത്തിനുസൃതമായ സോഫ്ട്‌വേറുകള്‍ നിര്‍മിക്കാവുന്നതാണ്. ഉദാഹരണത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കുമ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വലിയ മോണിറ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയൊന്നും ആവശ്യമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അതുമായി ബന്ധപ്പെട്ട കേര്‍ണല്‍ ഭാഗങ്ങള്‍ ഒഴിവാക്കി ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാവുന്നതാണ്. ഇത് സോഫ്ട്‌വേറിന്റെ വേഗം, കാര്യക്ഷമത തുടങ്ങിയവ വര്‍ധിപ്പിക്കാനും വലിപ്പം കുറയ്ക്കാനും സാധിക്കും.

ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍

കമ്പനികളും കൂട്ടായ്മകളും വിത്യസ്ത രീതിയിലുള്ള ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് രൂപംനല്‍കുന്നുണ്ട്. ഇങ്ങനെ നിര്‍മിക്കുന്ന ഒഎസുകള്‍ പലപ്പോഴും അതാത് കമ്പനികളുടെ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായുള്ളതാണ്. ഇങ്ങനെയുള്ള ഒഎസുകള്‍ 'ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍' എന്നപേരില്‍ അറിയപ്പെടുന്നു. ലിനക്‌സിനെ ഇന്നത്തെ വളര്‍ച്ചയിലേക്ക് നയിച്ചത് ഇൗ ഡിസ്ട്രിബ്യൂഷനുകളും അവയ്ക്കു പിന്നിലുള്ള പ്രയത്‌നങ്ങളുമാണ്.

സാധാരണ ഒഎസുകള്‍ക്ക് ആവശ്യമായ ഓഫീസ് പാക്കേജുകള്‍, മീഡിയ പ്ലെയര്‍, ഇന്റര്‍നെറ്റ് തുടങ്ങി ഒട്ടേറെ സോഫ്ട്‌വേറുകള്‍ ചേര്‍ന്നതാണ് ഇവയെല്ലാം. പ്രധാന ഭാഗങ്ങളായ ലിനക്‌സ് കേര്‍ണല്‍, ഗ്നു ടൂള്‍സ് ആന്‍ഡ് ലൈബ്രറീസ് എന്നിവയെല്ലാം മിക്ക ഒഎസുകളിലും സമാനമായിരിക്കും.

വാണിജ്യാവശ്യങ്ങള്‍, വണിജ്യേതരാവശ്യങ്ങള്‍, വ്യക്തിഗ ആവശ്യങ്ങള്‍, കൂട്ടായ ആവശ്യങ്ങള്‍, ഡസ്‌ക്‌ടോപ്പ്, സെര്‍വര്‍ എന്നീ വിവിധ വിഭാഗങ്ങളായാണ് ഓരോ ലിനക്‌സ് ഡിസ്ട്രിബ്യൂഷനുകളും നിര്‍മിക്കപ്പെട്ടത്.

ആദ്യമായി നിര്‍മിക്കപ്പെട്ട ലിനകസ് ഡിസ്ട്രിബ്യൂഷനാണ് 'ബൂട്ട്-റൂട്ട്' (Boot-root). സാധാരണക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആദ്യ ഡിസ്ട്രിബ്യൂഷന്‍ MCC Interim Linux ആയിരുന്നു, 1992 ലാണ് ഇത് പുറത്തുവന്നത്. സ് ളാക്ക്‌വേര്‍ ഒഎസ് ആണ് കൂടുതല്‍ പേര്‍ സ്വീകരിച്ച ആദ്യ ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍. 1992-ല്‍ തന്നെയാണ് ഇതും പുറത്തു വന്നത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 13.37 ആണ്.



പ്രധാനപ്പെട്ട ചില ലിനക്‌സ് ഡിസ്ട്രിബ്യൂഷനുകള്‍-

1. ഫെഡോറ (Fedora) - റെഡ്ഹാറ്റ് കമ്പനിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിറ്റിയാണ് ഈ ഒഎസ് പുറത്തിറക്കുന്നത്.




2. റെഡ്ഹാറ്റ് ലിനക്‌സ് (Redhta Linux) - റെഡ് ഹാറ്റ് കമ്പനി പുറത്തിക്കിയ ലിനക്‌സ് ഒഎസ് ആണ് റെഡ്ഹാറ്റ് ലിക്‌സ്. വാണിജ്യപരമായ ലക്ഷ്യത്തോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. സെന്റഒഎസ് (ഇലിഛേട), ഒറാകിള്‍ എന്റര്‍പ്രൈസസ് ലിനക്‌സ് തുടങ്ങിയവയെല്ലാം റെഡ്ഹാറ്റിന്റെ വകഭേദങ്ങളാണ്. 1999 ല്‍ പുറത്തുവന്ന റെഡ് ഹാറ്റ് ലിനക്‌സിന് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തു.




3. ഡെബിയന്‍ (Debian) - ഒരു സാമൂഹ്യ ഉടമ്പടിയെ ആധാരമാക്കി ഡെബിയന്‍ കമ്മ്യൂണിറ്റി പുറത്തിറക്കുന്നതാണ് ഇത്.




4. ഉബുണ്ടു (Ubuntu) - ലിനക്‌സ് ഒഎസുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായതാണ് ഉബുണ്ടു. കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പിന്തുണയോടെ ഉബുണ്ടു കമ്മ്യൂണിറ്റിയാണ് ഇത് പുറത്തിറക്കുന്നത്. Kubuntu, Linux Mint, Xubuntu എന്നിവയെല്ലാം ഉബുണ്ടുവിന്റെ വകഭേദങ്ങളാണ്.




5. മാന്‍ഡ്രിവ (Madriva) - ഫ്രാന്‍സിലും ബ്രസീലിലും പ്രശസ്തമായ ഈ ഒഎസ് റെഡ്ഹാറ്റിന്റെ ഒരു വകഭേദമാണ്. ഒരു ഫ്രഞ്ച് കമ്പനിയാണ് ഈ ഒഎസ് പരിഷ്‌കരിക്കുന്നത്. PCLinuxOS മാന്‍ഡ്രിവയില്‍ നിന്നുള്ള ഒരു വകഭദേമാണ്.




6. പപ്പി ലിക്‌സ് (Puppy Linux) - ഏറ്റവും ചെറിയ ലിനക്‌സ് വിതരണമാണ് പപ്പി ലിനക്‌സ്. 64എംബി റാം ഉള്ള കമ്പ്യൂട്ടറുകളില്‍ വരെ ഇത് പ്രവര്‍ത്തിക്കും. ഒഎസിനെ തന്നെ പൂര്‍ണമായും മെമ്മറിയില്‍ നിന്ന് പ്രവര്‍ത്തിക്കാമെന്നുള്ളതും ഇതിന്റെ സവിശേഷതയാണ്. സിഡി, യുഎസ്ബി ഡ്രൈവ്, മെമ്മറി കാര്‍ഡ് തുടങ്ങിയവയില്‍ കൊണ്ടുനടക്കാവുന്ന ഈ ഒഎസില്‍ അത്യാവശ്യം വേണ്ട എല്ലാത്തരം ആപ്ലിക്കേഷനുകളും അടങ്ങിയിട്ടുണ്ട്.




7. ഡാം സ്‌മോള്‍ ലിനക്‌സ(Damn Small Linux) - വളരെ ചെറിയ ഒരു ലിനക്‌സ് ഒഎസ് ആണ് ഡാം സ്്‌മോള്‍ ലിനക്‌സ് അഥവാ ഡിഎസ്എല്‍. 50 എംബി മാത്രമാണ് ഈ ഒഎസിന്റെ വലിപ്പം. പപ്പി ലിനക്‌സ് പോലെത്തന്നെ മെമ്മറി കാര്‍ഡുകളിലും യുഎസ്ബി ഡ്രൈവുകളിലും സിപ്പ് ഡ്രൈവുകളില്‍ നിന്ന് ഡിഎസ്എല്‍ പ്രവര്‍ത്തിപ്പിക്കാനാവും.




8. ഓപ്പണ്‍സ്യൂസ് (openSUSE) - നോവല്‍ കമ്പനിപിന്തുണക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ് ഈ ലിനക്‌സ് ഡിസ്ട്രിബ്യൂഷന്‍ പുറത്തിറക്കുന്നത്. ഇതിന്റെ ഒരു വകഭേദമാണ് SUSE Linux Enterprise. നോവലിന്റെ പിന്തുണയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.


മുകളില്‍ പറഞ്ഞിരിക്കുന്നവ കൂടാതെ ലിനക്‌സിന്റെ നിരവധി വകഭേദങ്ങള്‍ പുറത്തിറങ്ങുണ്ട്. കൂടുതല്‍ ലിനക്‌സ് ഡിസ്ട്രിബ്യൂഷനുകളെപ്പറ്റി അറിയാന്‍ ഈ വിക്കിപേജ് കാണുക.

ലിനക്‌സ് ഇന്ത്യയില്‍

1997-ല്‍ സ്ഥാപിതമായ മെയിലിങ് ലിസ്റ്റ് എന്ന കമ്മ്യൂണിറ്റിയും അവരുടെ വെബ്‌സൈറ്റുമാണ് (linux-india.org) ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യ ലിനക്‌സ് സംരംഭങ്ങള്‍. അരുണ്‍ ശര്‍മ്മ, കാരാ ദക്ഷിണ്‍മൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. 1997 മുതല്‍ 1999 വരെയുള്ള വര്‍ഷങ്ങളില്‍ ലിനക്‌സ് ഇന്ത്യ മെയിലിങ് ലിസ്റ്റ് കമ്മ്യൂണി ജനങ്ങള്‍ക്ക് ലിനക്‌സിനെ പരിചയപ്പെടുത്തുന്നതിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലും അവയുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിവയിലുമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇൗ പുരോഗതിയുടെ ഫലമായി 1999 ല്‍ ഈ കമ്മ്യൂണി മൂന്ന് വിഭാഗങ്ങളായി മാറി.



1. ലിനക്‌സ് ഇന്ത്യ ഹെല്‍പ് (LI-H), 
2. ലിനക്‌സ് ഇന്ത്യ ജനറല്‍ (LI-G), 
3. ലിനക്‌സ് ഇന്ത്യ പ്രോഗ്രാമ്മര്‍സ് (LI-P)


ഇന്ത്യയില്‍ ലിനക്‌സിന് മികച്ച സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കാന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ പരിശീലനത്തിന് ലിനക്‌സാണ് തിരഞ്ഞെടുത്തത്. കേരളമാണ് ഈ രംഗത്ത് ആദ്യശ്രമം നടത്തിയതും ഇപ്പോള്‍ വിജയകരമായി മുന്നോട്ടുപോകുന്നതും.

കൂടാതെ പ്രതിരോധം, ഗതാഗതം, വാര്‍ത്താവിനിമയം, ആരോഗ്യം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെല്ലാം സെര്‍വറുകളില്‍ ലിനക്‌സ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. എട്ട് സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ ട്രഷറികകളില്‍ ലിനക്‌സ് സോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നു.

സെര്‍വര്‍ മേഖലയിലാണ് കാര്യമായും ഇന്ത്യയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ജൂണില്‍ സെര്‍വര്‍ വിഭാഗത്തില്‍ വിന്‍ഡോസിന് 68 ശതമാനവും ലിനക്‌സിന് 21 ശതമാനവുമാണ് പങ്കാളിത്തമുള്ളത്. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് ഇത് യഥാക്രമം 70 ശതമാനവും 11 ശതമാനവുമായിരുന്നുവെന്നത് ലിനക്‌സിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവ തങ്ങളുടെ സെര്‍വറുകള്‍ ഇതിനകം ലിനക്‌സിലേക്ക് മാറ്റിക്കഴിഞ്ഞു. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി നേരത്തെത്തന്നെ നെറ്റ്‌വര്‍ക്കുകള്‍ ലിനക്‌സിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭമാണ് ഇവര്‍ക്കുണ്ടായത്. ഇന്ത്യയില്‍ ലിനക്‌സ് മാര്‍ക്കറ്റിന് വര്‍ഷംതോറും 21 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് IDC റിപ്പോര്‍ട്ട് ചെയ്യുന്നത്


കേരളത്തില്‍

ലിനക്‌സ് അധിഷ്ഠിത പരിശീലനവും കോഴ്‌സുകളും നേരത്തെത്തന്നെ ഇവിടെയുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുന്നതിനായി 2001 ല്‍ സ്ഥാപിക്കപ്പെട്ട ഐ.ടി. അറ്റ് സ്‌കൂള്‍ എന്ന സ്ഥാപനമാണ് ഇന്ന് സ്വതന്ത്ര ഒഎസിന്റെ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഇവര്‍ പരിശീലനവും സോഫ്റ്റ്‌വെയറുകളും നല്‍കുന്നു.

സ്‌കൂളുകളില്‍ വിന്‍ഡോസ് ഒഎസിന് പകരം ലിനക്‌സ് ഒഎസ് ആയ ഉബുണ്ടുവിന്റെ ഉപയോഗം നിര്‍ബന്ധമാക്കി. സ്ഥിരമായി വിന്‍ഡോസ് ഒഎസ് ഉപയോഗിക്കുന്നവരാണ് സാധാരണയായി ലിനക്‌സ് ഒഎസുകളിലേക്ക് മാറാന്‍ മടിക്കുന്നത്. എന്നാല്‍, പഠനകാലത്ത് തന്നെ ഉബുണ്ടു പരിചയപ്പെടുക വഴി നല്‍കുക വഴി ഈ പ്രയാസം ഒഴിവാക്കാനാകും.

ലിനക്‌സ് ഇന്ന്

ലിനക്‌സ് ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജിം സെംലിന്റെ വാക്കുകളില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ മുതല്‍ ന്യൂക്ലിയര്‍ സബ്മറൈന്‍ വരെയുള്ള രംഗങ്ങളിലെല്ലാം ഇന്ന് ലിനക്‌സാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ലോകത്ത് ഇന്ന് നിലവിലുള്ള മികച്ച 500 സൂപ്പര്‍ കമ്പ്യൂട്ടറുകളും യുണിക്‌സില്‍ നിന്നും ലിനക്‌സിലേക്ക് മാറിയിരിക്കുകയാണ്.

ലിനക്‌സിന്റെ പുരോഗതിക്ക് മറ്റൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് റെഡ്ഹാറ്റ് കമ്പനിയുടെ ഓഹരി വില 400 ശതമാനം വര്‍ധിച്ചപ്പോള്‍, ഇതേ കാലയളവില്‍ മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം കാര്യമായി വര്‍ധിച്ചില്ല എന്നതാണ്.

ഇന്റര്‍നെറ്റ് ഭീമാന്മാരായ ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ മിക്ക ആപ്ലിക്കേഷനുകളും നിര്‍മിക്കുന്നത് ലിനക്‌സിലാണ്. ഇതിനെല്ലാം പുറമെ ആധുനിക ഇലക്‌ട്രോണിക് വീട്ടുപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഓട്ടോമൊബൈല്‍ എന്നിവയിലെല്ലാം ലിനക്‌സ് അനുബന്ധ സോഫ്ട്‌വേറുകളാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ മികച്ച പത്ത് വെ്ബ്‌സെര്‍വ്വറുകളില്‍ ആറെണ്ണവും ലിനക്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു വിന്‍ഡോസ് മാത്രമാണ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നത്.

ലിനക്‌സിന്റെ ഭാവി

ഇന്റര്‍നെറ്റ് ആണ് ഇന്ന് ലോകത്തെ വിവരങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത്. വിവരങ്ങള്‍ ലോകമെമ്പാടും കൈമാറപ്പെടുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. ഇന്റര്‍നെറ്റ് രംഗത്തെ ഭീമനായ ഗൂഗിള്‍ തന്നെയാണ് ലിനക്‌സിന്റെ ഭാവി എന്ന് വേണമെങ്കില്‍ പറയാം. ഗൂഗിളിന്റെ പ്രധാന ആപ്ലിക്കേഷനുകളില്‍ മിക്കവയും ലിനക്‌സ് അധിഷ്ടിതമാണ്.

കമ്പ്യൂട്ടര്‍ലോകത്തെ മറ്റൊരു പ്രധാന കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഒഎസിന് ബദലായി ലിനക്‌സ് ഒഎസ് ആയ ഉബുണ്ടുവിനെയായിരുന്നു ഇതുവരെ ലോകം കണ്ടിരുന്നത്. എന്നാല്‍ ക്രോം ബ്രൗസറിന്റെ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ക്രോം ഒഎസ് ആയിരിക്കും വിന്‍ഡോസിന് ശരിക്കും വെല്ലുവിളിയാകുക എന്നാണ് ഇപ്പോഴത്തെ നിഗമനം. ക്രോം ബൗസറും ഒഎസും ലിനക്‌സ് അധിഷ്ഠിതമാണ്.

മൊബൈല്‍ ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുംവേണ്ടിയുള്ള ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസും ലിനക്‌സിലാണ് നിര്‍മിച്ചിരിക്കുന്നത്. ഭാവിയുടെ വിവരശേഖരണ രീതിയായി മാറിയേക്കാവുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങിനും ഏറ്റവും അനുയോജ്യമായത് ലിനക്‌സാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിയന്ത്രണം

ഓപണ്‍ സോഴ്‌സ് ഡവലപ്‌മെന്റ ലാബ്‌സ് -അന്തരാഷ്ട്ര തലത്തില്‍ ലിനക്‌സിന്റെ വളര്‍ച്ചയെ സഹായിക്കാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഓപണ്‍ സോഴ്‌സ് ഡവലപ്‌മെന്റ ലാബ്‌സ് (OSDL). ഒരു ലാഭരഹിത സംഘടനയായ ഇതിന്റെ മുഖ്യ ലക്ഷ്യം ലിനക്‌സിന്റെ പുരോഗതിയെ സഹായിക്കുക എന്നതാണ്. ലിനക്‌സിന്റെ സ്ഥാപകന്‍ ലിനസ് ടൊര്‍വാള്‍ഡ്‌സ് അടങ്ങിയ സംഘത്തിനായിരുന്നു ഇതിന്റെ നിയന്ത്രണം. ഐ.ബി.എം, ഇന്റല്‍, നിപ്പോണ്‍ തുടങ്ങിയ വന്‍കിട കമ്പനികളായിരുന്നു ഒ.എസ്.ഡി.എലിന് സാമ്പത്തിക സഹായം നല്‍കിയിരുന്നത്.



ലിനക്‌സ് ഫൗണ്ടേഷന്‍ -അന്താരാഷ്ട്ര തലത്തില്‍ ലിനക്‌സിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഈ ലാഭരഹിത സംഘടനയാണ്. മൈക്രോസോഫ്റ്റുമായുള്ള മത്സരത്തിന്റെ ഭാഗമായി ഒ.എസ്.ഡി.എലിനെയും ഫ്രീ സ്റ്റാന്‍ഡേര്‍ഡ് ഗ്രൂപ്പിനെയും ലയിപ്പിച്ച് 2007 ല്‍ രൂപം കൊണ്ട സംഘടനയാണ് ലിനക്‌സ് ഫൗണ്ടേഷന്‍. ലിനസ് ടൊര്‍വാള്‍ഡ്‌സ് അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ തലവന്‍ ജിം സെംലിന്‍ ആണ്.


ആഗോളതലത്തില്‍ ലിനക്‌സ് കമ്മ്യൂണിറ്റികളെയും സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാരെയും ഉപഭോക്താക്കളെയും വ്യാവസായ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ലിനക്‌സിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ലിനക്‌സ് അധിഷ്ഠിത വിദ്യാഭാസം, പരിശീലനം, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായം എന്നിവയും ഈ സംഘടനയുടെ ലക്ഷ്യമാണ്.


പരിമിതികള്‍

ലിനക്‌സിനെയും അതിന്റെ അനുബന്ധ സോഫ്ട്‌വേറുകളുടെയും പ്രധാന പ്രശ്‌നമായി കണക്കാക്കുന്നത് അതിന് വേണ്ടത്ര അനുബന്ധ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ല എന്നാണത്. കാരണം അതിനാവശ്യമായ സര്‍വ്വീസ് വിദഗ്ദരെ ഇനിയും വളര്‍ത്തിക്കൊണ്ടുവരാന്‍ മിക്ക രാഷ്ട്രങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ പ്രധാനമായും സെര്‍വര്‍ മേഖലയിലാണ് ലിനക്‌സ് ഉപയോഗിക്കുന്നതിനാല്‍ തന്നെ സാങ്കേതിക വിദഗധരുടെ അഭാവം സെര്‍വറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

അതുപോലെ ഇന്ത്യയടക്കമുള്ള പല രാഷ്ട്രങ്ങളിലും വിന്‍ഡോസിന്റെയും അനുബന്ധ സോഫ്ട്‌വേറുകളുടെയും വ്യാജകോപ്പികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ലിനക്‌സിന്റെ വ്യാപനത്തിന് തടസ്സമാകുന്നുണ്ട്. സൗജന്യമായി വിന്‍ഡോസ് വ്യാജകോപ്പി ഉപയോഗിക്കാന്‍ കഴിയുന്നു എന്നതാണ് പ്രശ്‌നമാകുന്നത്. ഈ സാഹചര്യത്തില്‍ സൗജന്യമായി ലഭിക്കുന്ന ലിനക്‌സിനോട് താത്പര്യക്കുറവുണ്ടാവുക സ്വാഭാവികം മാത്രം!

-shareefe2002@gmail.com


No comments :

Post a Comment