Read more: http://www.technomagzine.com/2013/04/disable-copy-paste-website.html#ixzz2Tn5tPMyx

Friday, July 29, 2011

World's First 24*7 - 365 days woring Bank in Kerala [Mannarkkad]


24 മണിക്കൂറും ഈ ബാങ്ക് ഉണര്‍ന്നിരിക്കുന്നു...
Posted on: 29 Jul 2011


മണ്ണാര്‍ക്കാട്: അര്‍ധരാത്രിയില്‍ പണത്തിനാവശ്യം വന്നാല്‍ എന്തുചെയ്യും? എ.ടി.എം. ഉണ്ടല്ലോ എന്നായിരിക്കും ഇന്ന് ഏതൊരാളുടെയും മറുപടി. എന്നാല്‍, ബാങ്ക്അക്കൗണ്ടില്‍ പണമില്ലാതിരിക്കുകയോ വലിയതുക ആവശ്യമായി വരികയോ ചെയ്താലോ? ആരോടും കടംവാങ്ങാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ചിലപ്പോള്‍ കരഞ്ഞുപോകും. ഇത് പൊതുവേയുള്ള അവസ്ഥ. എന്നാല്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇത്തരം ആശങ്കകളുണ്ടാകാറില്ല. കാരണം എല്ലാദിവസവും എല്ലാസമയവും ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നു. അര്‍ധരാത്രിയിലോ, പുലര്‍ച്ചയോ ഏതുസമയത്തും ബാങ്കില്‍ സ്വര്‍ണംപണയംവെച്ചോ ചെക്ക് നല്‍കിയോ പണമെടുക്കാം. പണം നിക്ഷേപിക്കുകയുമാവാം.


മണ്ണാര്‍ക്കാടിനടുത്ത് ചേറുംകുളംസ്വദേശിയായ ഓട്ടോഡ്രൈവര്‍ പ്രദീപിന്റെ അനുഭവംതന്നെ ഉദാഹരണം. ഭാര്യയെ പ്രസവത്തിനായി മണ്ണാര്‍ക്കാട് സ്വകാര്യആസ്​പത്രിയിലെത്തിച്ചത് രാത്രി 12.30നാണ്. പെരിന്തല്‍മണ്ണയിലെ പ്രമുഖ ആസ്​പത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുമണിയോടെ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനുള്ള പണം അപ്പോള്‍ കൈയിലില്ല. ബാങ്കില്‍ അക്കൗണ്ടുണ്ടായിരുന്ന പ്രദീപ് ഉടന്‍ പോലീസ്‌സ്റ്റേഷനടുത്തുള്ള ബാങ്കിന്റെ രാത്രികാല കൗണ്ടറിലെത്തി കൈയിലുണ്ടായിരുന്ന മോതിരം പണയംവെച്ച് പണമെടുത്തു. 15 മിനിറ്റിനുള്ളില്‍ ഇടപാടുതീര്‍ത്ത് പെരിന്തല്‍മണ്ണ ആസ്​പത്രിയിലേക്കുപോയി.


ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2011 ജനവരി ഒമ്പതിന് ബാങ്ക് പുതിയകെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനൊപ്പമാണ് 24 മണിക്കൂര്‍ സര്‍വീസ് തുടങ്ങുന്നതും. ഓണം, വിഷു, ഞായര്‍... തുടങ്ങി ഒരു ഒഴിവുദിവസങ്ങളിലും ബാങ്ക് അടയ്ക്കില്ല. 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക ബാങ്കാണിതെന്ന് ബാങ്ക്‌സെക്രട്ടറി എം. പുരുഷോത്തമന്‍ പറഞ്ഞു. ഹര്‍ത്താല്‍/ബന്ദ് ദിനങ്ങളില്‍ പകല്‍സമയത്തുമാത്രമാണ് പ്രവര്‍ത്തിക്കാതിരിക്കുക.


രാത്രി 8 മുതല്‍ രാവിലെ 7.30 വരെയാണ് രാത്രികാലസേവനം. രാവിലെ 7.30ന് പ്രഭാതശാഖ പ്രവര്‍ത്തനം തുടങ്ങും. കുന്തിപ്പുഴ, തെങ്കര, കോടതിപ്പടി എന്നീ മൂന്നുശാഖകളും ബാങ്കിനുണ്ട്. ഇവയുമായി കോര്‍ബാങ്കിങ് സംവിധാനമുള്ളതിനാല്‍ അക്കൗണ്ടുള്ള ആര്‍ക്കും രാത്രികാലസേവനം റെഡി.


പണമെടുക്കാന്‍ മാത്രമല്ല പണമിടാനും കഴിയും. രാത്രി കടയടച്ചുപോകുന്ന കച്ചവടക്കാരും മറ്റു ബിസിനസ്സുകാരും ബാങ്കിലെത്തി പണം നിക്ഷേപിച്ചാണ് പോകുന്നത്. കള്ളന്മാരെ പേടിക്കാതെ കിടന്നുറങ്ങാമെന്നാണ് നഗരത്തിലെ കച്ചവടക്കാര്‍ പറയുന്നത്.


സാധാരണ ബാങ്കിങ്‌സമയത്ത് ജോലിത്തിരക്ക് കാരണം എത്താനാവാത്തവര്‍ക്കും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ സംവിധാനം ഏറെ പ്രിയപ്പെട്ടതാണ്. പുലര്‍ച്ചെ ജോലിക്ക് പോകുന്നതിനുമുമ്പ് ഇടപാടുനടത്തി പോകുന്നവരുമുണ്ട്. പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെ സ്ഥിരം ഇടപാടുകാരുണ്ടാവുമെന്ന് ബാങ്ക്ജീവനക്കാര്‍ പറയുന്നു.


മൂന്നുജീവനക്കാരാണ് രാത്രികാല കൗണ്ടറിലുണ്ടാവുക. ബാങ്കിന്റെ ഗെയ്റ്റിലെ ബെല്ലടിച്ചാല്‍ കാവല്‍ക്കാരന്‍ വന്ന് ഇടപാടുകാരെ പ്രത്യേകകൗണ്ടറിന്റെ മുന്നിലെത്തിച്ച് ഇടപാടുനടത്താന്‍ സഹായിക്കുന്നു. ഡിമാന്‍ഡ്ഡ്രാഫ്റ്റ്, വായ്പ തിരിച്ചടവുകള്‍, പണംപിന്‍വലിക്കലും സ്വീകരിക്കലും തുടങ്ങി എല്ലാഇടപാടുകളും നടത്തിക്കൊടുക്കുന്നു. ശരാശരി 30 ഇടപാടുകള്‍ ഒരു ദിവസം ഉണ്ടാകുന്നുണ്ട്.


പ്രത്യേകഗെയ്റ്റും ചുറ്റുമതിലും ചുറ്റുപാടും നിരീക്ഷിക്കുന്ന ക്ലോസ്ഡ്‌സര്‍ക്യൂട്ട് കാമറകളും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ സുരക്ഷാഭീതിയുമില്ല.


ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് ടി.ആര്‍. സെബാസ്റ്റ്യന്‍ വ്യക്തമാക്കി. 'നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു.' എന്നതാണ് സന്ദേശംതന്നെ.

No comments :

Post a Comment