Wednesday, June 15, 2011

Communist Stand on Pariyaram Medical College - Then and Now (1994-2011)

'രക്തസാക്ഷികളുടെ ഇറച്ചി'യും പാളിപ്പോയ പ്രതിജ്ഞയും
Posted on: 15 Jun 2011

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌


ഇടത്തോട്ടും വലത്തോട്ടുമുള്ള സന്ധിയില്‍നിന്ന് സി.പി.എം. വീണ്ടും ഏറെ വലത്തോട്ട് പൊയ്ക്കഴിഞ്ഞു എന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളും പരിയാരം വിവാദവും വെളിപ്പെടുത്തുന്നത്. സി.പി.എം. പ്രവര്‍ത്തകരെ വധിച്ച കേസില്‍ ആര്‍.എസ്.എസ്സുകാരായ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് സാക്ഷികളെ തടഞ്ഞ സംഭവം ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുമ്പ് രൂക്ഷമായി വിമര്‍ശിച്ചതോര്‍ക്കുന്നു



വിപ്ലവ യുവജനസംഘടനകളുടെയും അവരെ നയിക്കുന്ന വിപ്ലവ പാര്‍ട്ടിയുടെയും നേതാക്കള്‍ക്ക് രക്തസാക്ഷികള്‍ ഇന്ന് സ്വന്തം മൊബൈല്‍ ഫോണുകളിലെ കേവലം റിങ്‌ടോണുകള്‍ മാത്രമാണ്. ഈ പ്രസ്ഥാനങ്ങളിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ എന്റെ ഈ വാക്കുകള്‍ പൊറുക്കുമെന്നറിയാം.

എന്നെ സംബന്ധിച്ചിടത്തോളം രക്തസാക്ഷികള്‍സ്തൂപങ്ങളോ മാര്‍ബിള്‍ ഫലകങ്ങളോ അല്ല. ഇന്നും കണ്ണിലും മനസ്സിലും ചുടുചോരയാണ്. രക്തത്തില്‍ തീ പടര്‍ത്തുന്ന, മനസ്സില്‍ അഗ്‌നി ജ്വലിപ്പിക്കുന്ന കട്ടപിടിച്ച ചോര. കൂത്തുപറമ്പിലെ പതച്ച ടാറിട്ട റോഡില്‍ ഒഴിഞ്ഞുതീര്‍ന്ന വെടിയുണ്ടകള്‍ക്കും ചിതറിക്കിടന്ന കണ്ണീര്‍വാതക ഷെല്ലുകള്‍ക്കും ഒടിഞ്ഞ ലാത്തികള്‍ക്കും പരന്നുകിടന്ന ഏറുകല്ലുകള്‍ക്കും ചെരിപ്പുകള്‍ക്കും ഇടയില്‍ തളംകെട്ടിനിന്ന ചോര. അഞ്ച് യുവാക്കളാണ് അന്നവിടെ പോലീസ് വെടിവെപ്പില്‍ വീണ് പിടഞ്ഞുമരിച്ചത്. പാനൂരിലെ ദേശാഭിമാനി ഏരിയാ ലേഖകന്‍കൂടിയായിരുന്ന കെ.കെ. രാജീവന്‍, കൂത്തുപറമ്പിലെ കെ.വി. റോഷന്‍, പൊന്ന്യം കുണ്ടുചിറയിലെ സി. ബാബു, ചമ്പാട് അരയാക്കൂലിലെ കെ. ഷിബുലാല്‍, കോടിയേരി കല്ലില്‍താഴെയില്‍ വി. മധുസൂദനന്‍ എന്നിവര്‍. അവരെ എടുത്ത് ആസ്​പത്രിയിലേക്ക് ഓടുമ്പോള്‍, ഒരാളുടെ വെടിയേറ്റ വയറില്‍നിന്ന് ഒഴുകി റോഡില്‍ 21 മീറ്റര്‍ നീളത്തില്‍ ട്രാഫിക് അടയാളം പോലെയാണ് രക്തധാര കണ്ടത്.

വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ ആദര്‍ശമുയര്‍ത്തിപ്പിടിച്ച് പോലീസിന്റെ നിറതോക്കിനുമുമ്പില്‍ പിന്മാറാതെ രക്തസാക്ഷികളായവര്‍. 17 വര്‍ഷമായി ഇന്നും ചലനശേഷിയില്ലാതെ വീട്ടുമുറിക്കകത്ത് വിപ്ലവ ആദര്‍ശങ്ങളുടെ ചൂടില്‍ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍. ഓരോ കുടുംബത്തിന്റെയും രക്ഷാകര്‍തൃത്വം ഉണ്ടായിരുന്നവര്‍. സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ പരിയാരം സ്വാശ്രയ സഹകരണ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് തടയാന്‍ പോരാട്ടം നയിച്ചവര്‍. 1994 നവംബര്‍ 25-ന്റെ പോര്‍മുഖത്തെ ആ ചോരച്ചാലുകളില്‍നിന്നാണ് ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും സി.പി.എമ്മുംആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് ഏറെ വളര്‍ന്നത്.

ആ പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ ഭാരവാഹികളായി മാറിയ നാല് വര്‍ഷത്തിനുള്ളില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദ്യാഭ്യാസക്കച്ചവടവും മക്കള്‍ വാത്സല്യവുമാണ് ഇപ്പോള്‍ കേരളം ചര്‍ച്ചചെയ്യുന്നത്. 100 ശതമാനം മെറിറ്റ് സീറ്റിനുവേണ്ടി അന്ന് പൊരുതിയവര്‍ സീറ്റുവിറ്റ് നേടിയത് 29 കോടി രൂപ. വിപ്ലവ യുവജന സംഘടനയുടെ ഖജനാവു സൂക്ഷിപ്പുകാരനും പരിയാരം ആസ്​പത്രി ഭരണസമിതി അംഗവുമായ നേതാവ് മകള്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട സൃഷ്ടിച്ച് തരപ്പെടുത്തിയത് 50 ലക്ഷം രൂപയുടെ സീറ്റ്. വാ തുറന്നാല്‍ യു.ഡി.എഫിനെതിരെ തീപ്പന്തം ജ്വലിപ്പിക്കുന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗത്തിന്റെകാര്‍മികത്വത്തില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് പി.ജി. സീറ്റ് വിറ്റത് 85 ലക്ഷം രൂപയ്ക്ക്.

കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും പ്രായപരിധി കഴിഞ്ഞ് അഞ്ചാണ്ടുകഴിഞ്ഞിട്ടും യുവജന നേതൃത്വത്തില്‍ നിലനിര്‍ത്തിയ മാതൃകാ യുവനേതാവിനുവേണ്ടി പാര്‍ട്ടി ചെയ്ത ത്യാഗം വേറെ. ആദ്യം അനുജന് ജോലി. പിന്നെ ഭാര്യയ്ക്ക് ഉദ്യോഗം. അത് നിലനിര്‍ത്തി മറ്റൊരു പാര്‍ട്ടി ദരിദ്രകുടുംബത്തിലെ അംഗത്തിന് നല്‍കാമായിരുന്ന വ്യവസായമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇടം. നേതാവിന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസിച്ച് കാസര്‍കോട് പാര്‍ട്ടി പ്രവര്‍ത്തനം നടത്താനുള്ള അപൂര്‍വ സൗഭാഗ്യം.
എന്നിട്ടും യുവനേതാവ് പത്രസമ്മേളനം വിളിച്ച് പറയുന്നത് 20 വര്‍ഷത്തെ തന്റെ ഖാദിവസ്ത്ര വ്യാപാരംകൊണ്ടാണ് ഈ ഫീസൊടുക്കാനുള്ള വരുമാനം ഉണ്ടായതെന്ന്. പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇതിന്റെ പേരില്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നതുകൊണ്ടും പ്രസ്ഥാനത്തിന് പോറലേല്‍ക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടും തനിക്കാകെ പറ്റിയ തെറ്റ് രക്ഷിതാവെന്ന വികാരത്തിന് കീഴ്‌പ്പെട്ടതുമാത്രം. അതിന് പ്രസ്ഥാനത്തോട് മാപ്പുചോദിക്കുന്നു. ശുഭം. ഏതാനും ദിവസങ്ങളുടെ ഇടവേളയും പരിയാരം കോളേജ് ഭരണസമിതി യോഗവും കഴിഞ്ഞ് വേണ്ടത്ര സാവകാശമെടുത്ത് വെളിപ്പെടുത്തിയ ആദര്‍ശ ധീരത. രക്തസാക്ഷികളുടെ മുഖത്ത് കരിതേക്കുകയായിരുന്നു സി.പി.എം. സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ നയിക്കുന്ന പരിയാരം കോളേജ് ഭരണസമിതി - മന്ത്രി അടൂര്‍ പ്രകാശിന്റെ മകളുടെ പി.ജി. സീറ്റ് ഇടപാടടക്കം എല്ലാം നിയമപരമാണെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത്.

കൂത്തുപറമ്പില്‍ സഹകരണമന്ത്രി എം.വി. രാഘവന്റെ ഉദ്ഘാടനച്ചടങ്ങ് വഴിയില്‍ തടയാന്‍ അന്ന് പടനയിച്ചത് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം ജയരാജനെ പല തലങ്ങളിലേക്കുയര്‍ത്തി. എം.എല്‍.എ., പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം, വൈദ്യുതിബോര്‍ഡ് അംഗം, ലോട്ടറിസംഘം നേതാവ് തുടങ്ങി. അന്ന് സമരത്തിന് രാഷ്ട്രീയനേതൃത്വം കൊടുത്ത പാര്‍ട്ടി ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായി. അന്ന് കൂത്തുപറമ്പില്‍നിന്നുള്ള എം.എല്‍.എ. ആയിരുന്ന പിണറായി വിജയന്‍ മന്ത്രിമാരെ മാത്രമല്ല മുഖ്യമന്ത്രിയെപ്പോലും തീരുമാനിക്കുന്ന സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്ന നായനാരുടെ അഭാവത്തില്‍ സ്ഥലത്തോടിയെത്തിയ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. കണ്ണൂരിലെയും കേരളത്തിലെയും പാര്‍ട്ടിയും വര്‍ഗ-ബഹുജന പ്രസ്ഥാനങ്ങളും വളര്‍ന്ന് പടര്‍ന്നുപന്തലിച്ചു. കൂത്തുപറമ്പ് രക്തസാക്ഷികള്‍ പുതിയ തലമുറയുടെ മനസ്സില്‍ ചുകപ്പ് നക്ഷത്രങ്ങളായി വെട്ടിത്തിളങ്ങി. പക്ഷേ, ഇന്ന് ആ രക്തസാക്ഷികളുടെ മുഖത്ത് ചിരി മാഞ്ഞിരിക്കുന്നു. ചെങ്കൊടിക്ക് പിന്നില്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചുപോന്ന വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലെ തലമുറയ്ക്ക് തലകുനിക്കേണ്ടിവന്നിരിക്കുന്നു.

ഡി.വൈ.എഫ്.ഐ. നേതാവിനെയും എം.വി. ജയരാജനെയും എന്തുകൊണ്ട് തത്സ്ഥാനങ്ങളില്‍നിന്ന് ഉടനടി മാറ്റിനിര്‍ത്തി രക്തസാക്ഷികളോടും ജനങ്ങളോടും മാപ്പുപറഞ്ഞില്ല? പരസ്യമായി പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല? രക്തസാക്ഷികളുടെ പ്രസ്ഥാനത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പുവരുത്താനായില്ല. ഇത് വ്യക്തികളുടെ മാത്രം തെറ്റല്ലെന്നും ശരിയുടെയും ഈ തെറ്റിന്റെയും രാഷ്ട്രീയ വ്യത്യാസം തിരിച്ചറിയാത്ത, തിരുത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടിനേതൃത്വം എന്നുമാണ് ഇതിന്റെ അര്‍ഥം.

കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് മുന്നോട്ടുവന്നാല്‍ രണ്ട് വഴികളുടെ ഒരു സന്ധിയുണ്ട്. വലത്തോട്ടുപോയാല്‍ ജനറല്‍ ആസ്​പത്രിയടക്കമുള്ള നഗരഭാഗത്തെത്തും. ഇടത്തോട്ടുപോയാല്‍ രക്തസാക്ഷികള്‍ മരിച്ചുവീണ കൂത്തുപറമ്പിലും. അന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ദേശാഭിമാനി യൂണിറ്റ് മാനേജറുമായ പി. ശശിയെയും ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണനെയും വഴിയില്‍നിന്ന് ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫര്‍ വിനീഷിനെയും കൂട്ടി ഒരു ടാക്‌സിയില്‍ ഞങ്ങളെത്തിയത് ഈ സന്ധിയിലാണ്. വഴിതടയല്‍ റിപ്പോര്‍ട്ടുചെയ്യാന്‍പോയ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ കെ. മോഹനന്റെ അടിയന്തര ഫോണ്‍വിളി. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജും മലയാള മനോരമ റിപ്പോര്‍ട്ടര്‍ മാത്യു അഗസ്റ്റിന്‍, ഫോട്ടോഗ്രാഫര്‍ സി. പ്രദീപ് കുമാര്‍, ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫര്‍ ഒ. അജിത്ത്കുമാര്‍ എന്നിവരും മോഹനനും ഒരു മുറിയുടെ ഷട്ടര്‍ താഴ്ത്തി എസ്.ടി.ഡി. ബൂത്തില്‍ അഭയംതേടിയിരിക്കുകയാണ്. അവരെ കീഴ്‌പ്പെടുത്താന്‍ പോലീസ് പുറത്ത്. സമരക്കാര്‍ക്കുനേരെ പോലീസ് വെടിവെക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അവരെ രക്ഷപ്പെടുത്താനാണ് ഞങ്ങള്‍ കുതിച്ചത്.

കൂത്തുപറമ്പിലേക്കുള്ള വഴിയെ തിരിയാതെ പരിക്കേറ്റവരെ കൊണ്ടുചെല്ലുന്ന ആസ്​പത്രിയുടെ വഴിക്കാണ് കാര്‍ തിരിഞ്ഞത്. ജില്ലാ കമ്മിറ്റി നേതാക്കള്‍ തൊട്ടുമുമ്പേ കുതിച്ചുപോയ വഴിയേ. കൂത്തുപറമ്പിലേക്കുള്ള വഴിയില്‍ ജനങ്ങള്‍ അക്രമാസക്തരാണെന്നും മാര്‍ഗതടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും പോകുന്നത് അപകടമാണെന്നുമായിരുന്നു ശശിയുടെ വിശദീകരണം. ആപത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകരെ രക്ഷിക്കാന്‍ സംഭവസ്ഥലത്ത് ഉടന്‍ എത്തണമെന്ന് ബോധ്യപ്പെടുത്തി ഞങ്ങള്‍ കൂത്തുപറമ്പിലേക്കുള്ള വഴിയെ കുതിച്ചു. അങ്ങനെയാണ് ആ ചോരക്കളത്തില്‍ വൈകാതെ എത്തിച്ചേര്‍ന്നത്.

ഇടത്തോട്ടും വലത്തോട്ടുമുള്ള സന്ധിയില്‍നിന്ന് സി.പി.എം. വീണ്ടും ഏറെ വലത്തോട്ട് പൊയ്ക്കഴിഞ്ഞു എന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളും പരിയാരം വിവാദവും വെളിപ്പെടുത്തുന്നത്. സി.പി.എം. പ്രവര്‍ത്തകരെ വധിച്ച കേസില്‍ ആര്‍.എസ്.എസ്സുകാരായ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് സാക്ഷികളെ തടഞ്ഞ സംഭവം ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി മുമ്പ് രൂക്ഷമായി വിമര്‍ശിച്ചതോര്‍ക്കുന്നു; വിധിയിലെ 'രക്തസാക്ഷികളുടെ ഇറച്ചി' എന്ന പ്രയോഗവും. അത് ഒരിക്കല്‍ക്കൂടി പാര്‍ട്ടി ചരിത്രത്തില്‍ ഭീകരമായി ആവര്‍ത്തിക്കുന്നു.

ഇടതു-വലത് പാതകള്‍ ഒന്നായാലിങ്ങനെ: സര്‍ക്കാറിന് മാനേജുമെന്റുകള്‍ വിട്ടുകൊടുക്കേണ്ട പി.ജി. സീറ്റിലാണ് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും മക്കളുടെ സീറ്റുറപ്പിച്ചത്. രണ്ടുപേരും സീറ്റ് ഉപേക്ഷിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ വഴിയെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ മന്ത്രിമാരെന്ന നിലയ്ക്കുള്ള സത്യപ്രതിജ്ഞ ഉയര്‍ത്തിപ്പിടിച്ചോ എന്നതാണ് യഥാര്‍ഥ പ്രശ്‌നം. 50 ശതമാനം സ്വാശ്രയ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും സീറ്റുപേക്ഷിക്കാനുള്ള ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനവും ഒരേ ദിവസമാണ് ഉണ്ടായത്. സീറ്റുകള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ കേസുകൊടുക്കുന്ന മാനേജുമെന്റുമായാണ് വിദ്യാഭ്യാസമന്ത്രി കച്ചവടം നടത്തിയത്. തങ്ങള്‍ക്ക് ലഭ്യമാകുന്ന ഔദ്യോഗിക വിവരങ്ങള്‍ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നത് മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനമാണ്. ഈ രണ്ട് മന്ത്രിമാരും അത് ചെയ്തിട്ടുണ്ടെന്ന് പൊതുസമൂഹം സംശയിക്കുന്നു. വ്യക്തി താത്പര്യത്തിനുപരി സര്‍ക്കാര്‍ താത്പര്യം ഈ മന്ത്രിമാര്‍ക്ക് മേലില്‍ ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും. മറിച്ച് ബോധ്യപ്പെടണമെങ്കില്‍ തല്‍സ്ഥാനങ്ങളില്‍നിന്ന് ഇവരെ മാറ്റിനിര്‍ത്തി ജനങ്ങള്‍ക്ക് വിശ്വാസംവരുന്ന നിഷ്പക്ഷ അന്വേഷണം നടത്തിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേതാണ്. അത് അദ്ദേഹം നിര്‍വഹിക്കണം.

അഴിമതിരഹിതഭരണം ഉറപ്പാക്കുമെന്ന് പറഞ്ഞതുകൊണ്ടോ സ്വന്തം ഓഫീസില്‍ വെബ് ക്യാമറ വെച്ചതുകൊണ്ടോ മുഖ്യമന്ത്രിക്ക് അഴിമതി തടയാനാവില്ലെന്ന് ഇതോടെ തെളിഞ്ഞു. ഒന്നരലക്ഷം വോട്ടര്‍മാരുടെ ഭൂരിപക്ഷമേയുള്ളൂ സര്‍ക്കാറിന്. അതിന്റെ എത്രയോ മടങ്ങ് ജനങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഈ വിവാദംവഴി വിശ്വാസം നഷ്ടമായി. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയും ആത്മാര്‍ഥതയുമാണ് മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. മൂന്ന് എം.എല്‍.എ.മാരുടെ പിന്‍ബലത്തില്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെന്ന് ഭയമുണ്ടെങ്കില്‍ ആദര്‍ശം പറയുന്നത് അവസാനിപ്പിക്കുകയാണ് മാന്യത. 
 

No comments:

Post a Comment